Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ശ്രീലങ്ക-ന്യൂസിലൻഡ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമായിരുന്നു വേദി. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചതിന് ശേഷമുള്ള ഇടവേളയിലാണ് മഴ ആരംഭിച്ചത്. പിന്നീട് മഴ ശമിച്ചില്ല. ഓവർ കുറച്ചെങ്കിലും മത്സരം നടത്താൻ കാത്തിരുന്നെങ്കിലും മഴ ശമിക്കാത്തതിനെ തുടർന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് എടുത്തത്. ക്യാപ്റ്റൻ ചമാരി അത്തപട്ടുവിന്റെയും നീലാക്ഷി ഡി സിൽവയുടെയും അർധ സെഞ്ചുറിയുടെയും വിഷ്മി ഗുണരത്നെയുടെയും ഹസിനി പെരേരയുടെയും മികച്ച ഇന്നിംഗ്സുകളുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോറിലെത്തിയത്.
ഒക്ടോബർ നാലിന് ഇതേ വേദിയിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-ഓസ്ട്രേലിയ മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇന്നത്തെ മത്സരം ഉപേക്ഷിച്ചതോടെ ന്യൂസിലൻഡിന് മൂന്ന് പോയിന്റായി. ശ്രീലങ്കയ്ക്ക് രണ്ട് പോയിന്റുമായി.
Sports
കൊളംബോ: ഐസിസി വനിതാ ലോകകപ്പിലെ ശ്രീലങ്ക-ഓസ്ട്രേലിയ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു. പിന്നീടും മഴ ശമിക്കാത്തതിനെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ആദ്യ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ശ്രീലങ്ക വിജയം പ്രതീക്ഷിച്ചാണ് മത്സരത്തിനെത്തിയിരുന്നത്. ന്യൂസിൻഡിലൻഡിനെതിരെ തകർപ്പൻ വിജയത്തിന് ശേഷം എത്തിയ ഓസീസ് ജൈത്രയാത്ര തുടരാമെന്നുള്ള പ്രതീക്ഷയിലും ആയിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ രണ്ട് ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. നിലവിൽ മൂന്ന് പോയിന്റുള്ള ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. ഒരു പോയിന്റ് മാത്രമുള്ള ശ്രീലങ്ക അഞ്ചാമതാണ്.
International
ബെയ്ജിംഗ്: ചൈനയിൽ കനത്ത മഴയെത്തുടർന്ന് 30 പേർ മരിച്ചു. നിരവധി റോഡുകൾ തകരുകയും വൈദ്യുതി നിലയ്ക്കുകയും ജനങ്ങൾ അഭയാർഥി ക്യാംപുകളിലേക്കു മാറുകയും ചെയ്തിട്ടുണ്ട്. ബെയ്ജിംഗിന്റെ വടക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവതപ്രദേശങ്ങളിലാണ് മരണങ്ങൾ സംഭവിച്ചതെന്നാണു വിവരം.
പ്രളയത്തിലും മണ്ണിടിച്ചിലിലും കാണാതായവരെ എത്രയും വേഗം സഹായിക്കണമെന്നു പ്രസിഡന്റ് ഷീ ജിൻപിംഗ് ഉത്തരവിട്ടതിനു പിന്നാലെ 80,000 പേരെയാണ് മാറ്റിപ്പാർപ്പിച്ചതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 136 ഗ്രാമങ്ങൾ ഇരുട്ടിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാത്രിയാണ് കനത്ത മഴ പെയ്യാനാരംഭിച്ചത്.
മിയുൻ, യാൻഖ്വിംഗ് എന്നിവിടങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത്. തിങ്കളാഴ്ചയുണ്ടായ മഴയിൽ ഹെബൈ പ്രവിശ്യയിൽ നാല് പേർ മരിച്ചു. ഇന്നലെ ചില ട്രെയിനുകൾ താത്കാലികമായി സർവീസ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
Kerala
കോഴിക്കോട്: വിലങ്ങാട്, കല്ലാച്ചി മേഖലകളില്‍ ശക്തമായ മഴയ്ക്കൊപ്പം മിന്നല്‍ചുഴലിയും. കനത്ത കാറ്റിൽ വന്‍ മരങ്ങള്‍ കടപുഴകി വീണു. വീടുകള്‍ തകര്‍ന്നു.
നാദാപുരം പഞ്ചായത്ത് നാലാം വാര്‍ഡ് തെരുവന്‍ പറമ്പ് , ചിയ്യൂര് , ചീറോത്ത് മുക്ക് എന്നിവിടങ്ങളിലും വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാട് മേഖലകളിലുമാണ് മിന്നല്‍ ചുഴലി നാശം വിതച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കാറ്റ് വീശിയത്.
വീടുകള്‍ക്ക് മുകളില്‍ വന്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു. വീടുകള്‍ മരം വീണ് തകര്‍ന്നു. പല വീടുകളുടെയും ഓടുകള്‍ പാറിപ്പോയി. കല്ലാച്ചിയില്‍ നിര്‍ത്തിയിട്ട കാറിന് മുകളില്‍ തെങ്ങ് വീണ് കാര്‍ തകര്‍ന്നു.
വിലങ്ങാട് ഉരുട്ടി , വാളൂക്ക് പ്രദേശങ്ങളിലും അതി ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മേല്‍ പതിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ മേഖലയില്‍ സംഭവിച്ചത്. കല്ലാച്ചിയില്‍ വൈദ്യുതി ബന്ധവും താറുമാറായി.മരങ്ങള്‍ വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ ഈ മേഖല ഇരുട്ടിലായി. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
National
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയിൽ 12പേർ മരിച്ചു. മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഹിമാചൽ പ്രദേശിലെ വിവിധയിടങ്ങളിൽ അഞ്ചുപേർക്കാണു ജീവൻ നഷ്ടമായത്.
ഹിമാചൽപ്രദേശിൽ ഇന്നലെ ഒന്‍പതു മേഘവിസ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. ധർമശാലയിൽ കുടുങ്ങിയ 250 പേരെ രക്ഷപ്പെടുത്തിയതായി ഔദ്യോഗികവൃത്തങ്ങൾ സ്ഥിരീകരിച്ചു. വെള്ളപ്പൊക്കത്തിൽ നിരവധിപ്പേർ ഒഴുകിപ്പോയി. ദുരന്തനിവാരണസേനയും പോലീസും സംയുക്തമായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഇതുവരെ അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു. നാലുപേരെ തിരിച്ചറിഞ്ഞു. കാട്ടിൽനിന്ന് ഒരാളെ രക്ഷപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു. ജമ്മു കാഷ്മീരിലെ രജൗരിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ടു കുട്ടികൾ മരിച്ചു. കന്നുകാലികളെ മേയ്ക്കുന്നതിനിടെ കുട്ടികൾ ഒഴുക്കിൽപ്പെടുകയായിരുന്നു. പൂഞ്ച്, ഉദ്ധംപുർ എന്നിവിടങ്ങളിലും മേഘവിസ്ഫോടനമുണ്ടായി.
ഉത്തരാഖണ്ഡിലെ അളകനന്ദ നദിയിലേക്കു ബസ് മറിഞ്ഞ് കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരുന്നു. ഒമ്പതുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.
വരുന്ന രണ്ടുദിവസം കൂടി ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാഷ്മീർ സംസ്ഥാനങ്ങളിൽ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ഇവിടങ്ങളിലെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളുമടക്കം തകര്‍ന്നു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.
Kerala
പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് മലന്പുഴ ഡാമിന്റെ ഷട്ടർ തുറന്നു. രാവിലെ 10.20 ഓടെയാണ് ഷട്ടറുകള്‍ തുറന്നത്.
ഡാമിലെ ജലനിരപ്പ് 111.19 മി ആയി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ആയിരുന്നു തീരുമാനം. കര്‍വ് പ്രകാരം ജലനിരപ്പ് 110.49 മി നിലനിര്‍ത്തേണ്ട സാഹചര്യത്തിലാണ് നടപടികള്‍.
ഡാമില്‍ നിന്നും വെള്ളം തുറന്നുവിടുന്ന സാഹചര്യത്തില്‍ കല്‍പ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതേസമയം തമിഴ്നാട് അപ്പര്‍ ഷോളയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ ലോവര്‍ ഷോളയാറിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു.
District News
വയനാട് ജില്ലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ ഉരുൾപൊട്ടലുകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. താലൂക്ക് തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കുകയും, ആവശ്യപ്പെട്ടാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ദുരന്ത നിവാരണ സേനയും ഫയർഫോഴ്സും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജരാണ്.
പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, നദീതീരങ്ങളിലും മലയോര പ്രദേശങ്ങളിലും പോകുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. അവശ്യസാധനങ്ങൾ ശേഖരിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ തുടരാനും നിർദേശമുണ്ട്.
District News
കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഇരിട്ടി താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂൺ 27, 2025) അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്. ഇത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും ചെറിയ തോതിലുള്ള ഗതാഗത തടസ്സങ്ങൾക്കും കാരണമായിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.
District News
ജൂൺ 26, 2025-ന് കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തതിനെത്തുടർന്ന് ജില്ലാ ഭരണകൂടം വിവിധ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലാണ് കൂടുതൽ മഴ ലഭിച്ചത്.
കടലുണ്ടിപ്പുഴ, ചാലിയാർ, കുറ്റ്യാടിപ്പുഴ എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് വിനോദയാത്രകൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ കളക്ടർ അടിയന്തര യോഗം വിളിച്ചുചേർക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും, വൈദ്യുതി ലൈനുകൾ പൊട്ടിക്കിടക്കുന്നതും മരങ്ങൾ കടപുഴകി വീഴുന്നതും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി അധികൃതരെ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.
Kerala
കണ്ണൂര്‍: ആറളത്ത് ഇടിമിന്നലേറ്റ് കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവന് ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. തെങ്ങില്‍ കയറി കള്ള് ചെത്തിയ ശേഷം താഴത്തെ ഷെഡില്‍ വിശ്രമിക്കുന്നതിനിടെ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
District News
ജൂൺ 26, 2025-ന് മലപ്പുറം ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പല പ്രദേശങ്ങളിലും 115.6 mm മുതൽ 204.4 mm വരെ മഴ രേഖപ്പെടുത്തി. ഇടുക്കി, വയനാട് എന്നീ ജില്ലകളിലും ഓറഞ്ച് അലർട്ട് നിലവിലുണ്ട്.
മഴ ശക്തമായ സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകൾ കണക്കിലെടുത്ത് വിനോദയാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ ഭരണകൂടം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർത്ഥിച്ചു.
Kerala
വയനാട്: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ ഡി.ആര്.മേഘശ്രീ. പുഞ്ചിമട്ടം അടക്കമുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തിയെന്നും കളക്ടര്‍ അറിയിച്ചു.
പുന്നപ്പുഴയിലെ വെള്ളം കലങ്ങി വന്നത് നേരത്തേയുണ്ടായ ഉരുള്‍പൊട്ടലിന്റെ അവശിഷ്ടങ്ങള്‍ ഉള്ളതിനാലാണ്. ജില്ലയില്‍ ശക്തമായി മഴ തുടരുന്നുണ്ട്. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കളക്ടര്‍ വ്യക്തമാക്കി.
മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും ഉരുൾപൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ വിശദീകരണം.
Kerala
വയനാട്: പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. നേരത്തേയുണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. ഇത് കുറച്ചുകാലം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
പുന്നപ്പുഴയോട് ചേർന്നുള്ള നോ ഗോ സോണിൽ പ്രവേശിക്കരുതെന്നും പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. മുണ്ടക്കൈ മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്നും ഉരുൾപൊട്ടിയെന്ന് സംശയം ഉണ്ടെന്നും നാട്ടുകാർ പറഞ്ഞിരുന്നു.
വയനാട്ടിൽ ശക്തമായ മഴ തുടരുകയാണ്. പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്. ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്.
അതേസമയം ഇവിടെയെത്തിയ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ നാട്ടുകാർ തടഞ്ഞു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
Kerala
വയനാട്: വയനാട്ടില്‍ കനത്ത മഴ തുടരുന്നു. നേരത്തേ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈയിലെ പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്.
ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്. മുണ്ടക്കൈ-അട്ടമല റോഡ് മുങ്ങി.
പ്രദേശത്ത് മണ്ണിടിച്ചില്‍ ഉണ്ടായോ എന്ന് പരിശോധിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പുഞ്ചിമട്ടത്തും മുണ്ടക്കൈയിലും പരിശോധന നടത്തും.
Kerala
വയനാട്: വയനാട്ടിൽ കനത്ത മഴ തുടരുന്നതിനിടെ മുണ്ടക്കൈ മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. . മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടെന്ന് നാട്ടുകാർ പറഞ്ഞു.
പുന്നപ്പുഴയില്‍ ശക്തമായ ഒഴുക്കുണ്ട്. ചെളി കലങ്ങിയ വെള്ളമാണ് നിലവില്‍ പുഴയിലൂടെ ഒഴുകുന്നത്. ചൊവ്വാഴ്ച രാത്രി 100 മിമി മഴ ഇവിടെ ലഭിച്ചെന്നാണ് വിവരം. ബെയ്ലി പാലത്തിന് സമീപം കുത്തൊഴുക്കുണ്ട്.
മുണ്ടക്കൈ-അട്ടമല റോഡ് പൂർണമായും മുങ്ങി. ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം ഇവിടെയെത്തിയ വില്ലേജ് ഓഫീസർ അടക്കമുള്ള റവന്യൂ സംഘത്തെ നാട്ടുകാർ തടഞ്ഞു. പുനരധിവാസത്തിലെ പിഴവും സുരക്ഷാ വീഴ്ചയും ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയാണ്.
Kerala
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്തുടനീളം കനത്ത മഴയാണ് രേഖപ്പെടുത്തിയത്. വരും മണിക്കൂറുകളിലും മഴയുടെ തീവ്രത കൂടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശങ്ങളായ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലേർട്ടും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കനത്ത മഴയെ തുടർന്ന് പല ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രധാന നദികളായ പെരിയാർ, ഭാരതപ്പുഴ, പമ്പ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുകയാണ്. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ട്.
അവശ്യസാഹചര്യങ്ങളിലൊഴികെ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ടോൾ ഫ്രീ നമ്പർ (1077) ഉപയോഗിക്കാവുന്നതാണ്.